കനത്ത സുരക്ഷയ്‌ക്കിടയിൽ വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മണിപ്പൂരിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വെടിവയ്പ്പ് ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.
മൊയ്‌റാംഗ് മണ്ഡലത്തിലെ ഒരു പോളിങ് സ്‌റ്റേഷന് നേരെ അക്രമികൾ വെടിയുതിർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന തോങ്‌ജു മണ്ഡലത്തിലും അക്രമം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നാണ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് മണിപ്പൂരിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 82.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഗോത്രവർഗമായ കുക്കി വിഭാഗവും മെയ്തേയ് വിഭാഗവും തമ്മിലുള്ള തർക്കത്തെ തുടർന്ന് മേയ് മുതൽ വംശീയ കലാപത്തിന്റെ പിടിയിലായിരുന്നു മണിപ്പൂർ. ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം അക്രമത്തിൽ 219 പേർ മരിക്കുകയും 60,000 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. മണിപ്പൂരിന് പുറമെ അരുണാചൽ പ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.