ലോക്സഭാ തെരെഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ 60 ശതമാനം പോളിങ്, ഏറ്റവും കുറവ് ബിഹാറിൽ

0
52

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ 60 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബംഗാളിലും ഏറ്റവും കുറവ് ബിഹാറിലും.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബംഗാളിലും ത്രിപുരയിലുമാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 72 ശതമാനം പോളിങ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ബിഹാറില്‍ 47.74 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം ബിഹാറിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ടത്തില്‍ എട്ട് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ആകെ 57.54ശതമാനം വോട്ടാണ് ആദ്യ ഘട്ടത്തിൽ യു.പിയില്‍ രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 54.85 ശതമാനം വോട്ടാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. മധ്യപ്രേദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63.25 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാജസ്ഥാനില്‍ 50.27 ശതമാനവും, ജമ്മു കശ്മീരില്‍ 65.08 ശതമാനം വോട്ടും രേഖപ്പെടുത്തി.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും ഒറ്റത്തവണ ആയാണ് വോട്ടെടുപ്പ് നടന്നത്. 62.08 ശതമാനം വോട്ടാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയത്. വോട്ടിങ്ങിനിടെ മണിപ്പൂർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ നടന്നതിനാൽ പോളിങ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായി. അരുണാചൽ പ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.