പുരാതന ഒളിമ്പിയയിൽ 2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിയിച്ചു;

0
150

2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിച്ചു. ചൊവ്വാഴ്ച പുരാതന ഒളിമ്പിയയിൽ നടന്ന പരമ്പരാഗത ചടങ്ങിൽ ഗ്രീക്ക് നടി മേരി മിന 2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ജന്മസ്ഥലമായ ഗ്രീസിലെ ഒളിമ്പിയയിൽ നിന്ന് തെളിച്ച ദീപം നിരവധി നഗരങ്ങളും സമുദ്രങ്ങളും കടന്ന് പല കൈകളിലൂടെ സഞ്ചരിച്ച് മത്സരവേദിയായ പാരീസിൽ എത്തിച്ചേരുന്നു. 1900-നും 1924-നും ശേഷം ഇത് മൂന്നാം തവണയാണ് പാരീസ് നഗരം ഒളിമ്പിക്‌സിന് വേദിയാകുന്നത്. മത്സരങ്ങൾ ജൂലൈ 26 ന് ആരംഭിക്കും. പുരാതന ഒളിമ്പിക്‌സ് നടന്ന സ്ഥലമായിരുന്നു ഒളിമ്പിയ.

ഗ്രീക്ക് പ്രസിഡന്റ് കാതരീന സക്കെല്ലറാപൗലു, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് തുടങ്ങി അറുന്നൂറോളം വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഇന്ത്യന്‍സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മേരി മിന ദീപം തെളിയിച്ചത്. ശേഷം ദീപശിഖാ പ്രയാണത്തിലെ ആദ്യ ഓട്ടക്കാരനായ 2020 ടോക്യോ ഒളിമ്പിക്‌സില്‍ റോവിങ്ങില്‍ സ്വര്‍ണജേതാവായ ഗ്രീസിന്റെ സ്റ്റെഫാനോസ് ദൗസ്‌കോസ് ഈ ദീപം ഏറ്റുവാങ്ങി. ഒരു ചെറിയ ഓട്ടത്തിനു ശേഷം അദ്ദേഹം ആതിഥേയ നഗരത്തിന്റെ പ്രതിനിധിയും നീന്തലില്‍ മൂന്ന് തവണ ഒളിമ്പിക് മെഡല്‍ ജേതാവും പാരീസിലെ ദീപശിഖാ പ്രയാണത്തിന്റെ തലവനുമായ ലോര്‍ മനൗഡൗവിന് ദീപം കൈമാറി. തുടര്‍ന്ന് ഗ്രീസിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അക്കാദമയിലെത്തിക്കും. ആധുനിക ഒളിമ്പിക്‌സിന്റെ പിതാവായ പിയറി ഡി കുബെര്‍ട്ടിന്റെ സ്മരണയ്ക്കായി തീര്‍ത്ത കല്ലറ ഇവിടെയുണ്ട്.

പിന്നീട് 11 ദിവസം ഗ്രീസിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെ പ്രയാണം നടത്തി പല ആളുകളിലൂടെ കൈമാറി ഏപ്രില്‍ 26-ന് ആഥന്‍സിലെ പനതിനായിക് സ്റ്റേഡിയത്തില്‍വെച്ച് ദീപം പാരീസ് ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് ഔദ്യോഗികമായി കൈമാറും. 1986-ല്‍ നടന്ന ആദ്യത്തെ ആധുനിക ഒളിമ്പിക്‌സിന്റെ വേദിയായിരുന്നു പനതിനായിക് സ്റ്റേഡിയം.

ഒരുരാത്രി ഗ്രീസിലെ ഫ്രഞ്ച് എംബസിയിലായിരിക്കും പ്രകാശനാളം. ഒരു നൂറ്റാണ്ടിലേറെയായി പ്രയാണം തുടരുന്ന ബേലേം കപ്പലില്‍ മെഡിറ്ററേനിയന്‍ കടല്‍വഴി യാത്ര തുടര്‍ന്ന് മേയ് എട്ടിന് ഫ്രാന്‍സിലെ മാഴ്സയില്‍ ചെന്നുചേരും. ഫ്രഞ്ച് ചരിത്ര സ്മാരകങ്ങളും രാജകൊട്ടാരങ്ങളും കായികവേദികളും പിന്നിട്ട് ജൂലായ് 26-ന് പാരീസിലെത്തും. തുടര്‍ന്ന് 16 നാള്‍ ഒളിമ്പിക് വേദിയില്‍ ജ്വലിച്ചുനില്‍ക്കും. പതിനായിരത്തോളം ആളുകള്‍ ജ്വാല കൈയിലേന്തും. 1936-ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സിലാണ് ദീപശിഖ ചടങ്ങ് തുടങ്ങിയത്.

ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണജേതാവ് അഭിനവ് ബിന്ദ്രയും ദീപശിഖാ പ്രയാണത്തിലുണ്ട്. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങിലാണ് അഭിനവ് സ്വര്‍ണം നേടിയത്.