‘ദി കേരള സ്റ്റോറി’; അബ്ദുൾ റഹീമിനെ രക്ഷിക്കാൻ 34 കോടി രൂപ സമാഹരിച്ചത് നാല് ദിവസം കൊണ്ട്

0
44

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തുചേർന്നപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം രണ്ട് ദിവസം ബാക്കി നിൽക്കെ സമാഹരിച്ചു. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.

കേസിൽ കഴിഞ്ഞ 16 വർഷമായി റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ അബ്ദുറഹീം. 2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

ഇതോടെ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാർ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയിൽ ഇരുവരും ചേർന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് അൽഹായിർ ജയിലിൽ തുടരുകയും ചെയ്തു.

അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ അവർ തയാറായിരുന്നില്ല. ഒടുവിൽ ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയിൽ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തുടർന്നാണ് ധനസമാഹരണത്തിന് വേണ്ടി മലയാളികൾ കൈകോർ‌ത്തത്.