ബിജെപി പ്രവർത്തകർ തങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കരുത്; പോസ്റ്ററുകൾ ഉയർത്തി പ്രതിഷേധിച്ച് കർഷകർ

0
79

പഞ്ചാബിൽ 2024 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലേക്ക് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രക്ഷോഭത്തിലായ പഞ്ചാബിലെ കർഷകർ, വോട്ട് ചോദിച്ച് ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളിൽ കാലു കുത്തരുതെന്ന നിലപാടിലാണ്. പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ഉയർത്തി പ്രതിഷേധിച്ചാണ് കർഷകർ തങ്ങളുടെ നയം വ്യക്തമാക്കിയത്. സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചെത്തുന്ന വഴികൾ അടച്ചാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. ജൂൺ ഒന്നിന് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കും.

സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. തങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള പ്രധാന വഴികൾ അടച്ചുകൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്. ശംഭു, കനൗരി അതിർത്തികളാണ് കർഷകർ അടച്ച് പ്രതിഷേധിച്ചത്.

കർഷക സമരത്തിനിടെ കനൗരി അതിർത്തിയിൽ വെച്ച് പൊലീസ് വെടിവെച്ചു കൊന്ന യുവ കർഷകനായ ശുഭ്കരൺ സിംഗിന് വേണ്ടിയാണ് തങ്ങളുടെ ഈ പ്രതിഷേധമെന്ന് കർഷകർ അറിയിച്ചു.