‘ഇഡി വന്നാൽ പേടിയ്ക്കുന്ന പാർട്ടിയല്ല സിപിഐഎം, ഓലപ്പാമ്പ് കാട്ടി പേടിപ്പികേണ്ട’; എം വി ഗോവിന്ദൻ

0
145

സുപ്രീം കോടതി ശരിവച്ച ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ആദ്യം വാദിച്ചത് സിപിഐഎമ്മാണെന്ന് മലപ്പുറം കോട്ടയ്ക്കൽ റാലിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ മലപ്പുറം പറഞ്ഞു.

പ്രകടനപത്രികയിൽ പറഞ്ഞത് ഇടതുസർക്കാർ നടപ്പാക്കി. പ്രതിവർഷം രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന് ബിജെപി പറഞ്ഞു, എന്നാൽ ഒന്നും നേടിയിട്ടില്ല, ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള രാജ്യമാണ് ഇന്ത്യ. 60 ലക്ഷം പേരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറാണ് ഗോൾവാൾക്കറുടെ റോൾ മോഡൽ. ആഭ്യന്തര ശത്രുവെന്ന നിർവചനമാണ് ഹിറ്റ്ലറുടെ ആശയം. ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ കേരളത്തിൽ കൂടുതലാണ്. ആർഎസ്എസിൻ്റെ ഏറ്റവും വലിയ ആക്രമണമായിരിക്കും കേരളമെന്നും ആർഎസ്എസും ബിജെപിയും വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസം പതുക്കെയാണ് വരുന്നത്. പൗരത്വ ഭേദഗതി നിയമം അതിൻ്റെ ഒരു പടി മാത്രമാണ്. മതരാഷ്ട്രമായി മാറുകയാണ് ലക്ഷ്യം. അതിനാണ് പൗരത്വ നിയമം. ഇതിന് മറുപടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല, നാമനിർദ്ദേശ പത്രിക നൽകാൻ എത്തിയപ്പോഴും രാഹുൽ ഗാന്ധി സംസാരിച്ചില്ല. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. അത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമാണ്. എന്നാൽ മതരാഷ്ട്രമാകാൻ രാജ്യത്തിന് അവകാശമില്ല. മോദി പ്രധാനമന്ത്രിയെന്ന നിലയിൽ പൂജാരിയാകാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ലീഗിൻ്റെ പതാക ഉപേക്ഷിച്ചു, ഇപ്പോൾ അവർ കോൺഗ്രസിൻ്റെ പതാക ഉപേക്ഷിച്ചു, എന്തൊരു ഗതികേടാണ്. തോൽവി ഭയന്നാണ് അവർ എസ്ഡിപിഐയുമായി ചേർന്നത്. ഇപ്പോൾ എം കെ മുനീർ മിണ്ടുന്നില്ല, ആരും മിണ്ടുന്നില്ല. ജയിയ്ക്കാനായി വർഗീയ ചണ്ടി പണ്ടാരങ്ങളെയൊക്കെ കൂട്ടി മത്സരിയ്ക്കുന്നു. ഇതിന് ജനങ്ങൾ പാഠം പഠിപ്പിക്കും. ഇ ഡി വന്നാൽ പേടിയ്ക്കുന്ന പാർട്ടിയല്ല സിപിഐഎം സുതാര്യമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു.