പല വിഷയങ്ങളിലും ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി

0
149

പല വിഷയങ്ങളിലും ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. നിലപാടും ആശയ വ്യക്തതയും ഉള്ളവർ പാർലമെൻ്റിൽ വരണമെന്നും ചേരയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അഭയാർഥികളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിക്കുമ്പോഴും പൗരത്വ നിയമം നടപ്പാക്കാൻ നിയമനിർമാണം നടത്തിയപ്പോഴും കോൺഗ്രസ് മൗനം പാലിച്ചു. സംഘപരിവാറിനെ ഭയന്നാണ് രാഹുൽ ഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ലീഗ് പതാക ഒഴിവാക്കിയത്. ഇങ്ങനെയുള്ളവരാണോ രാജ്യം ഭരിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസിന് കൃത്യമായ നിലപാടില്ല. കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫ് എംപിമാർ സംസ്ഥാനത്തിന് വേണ്ടി പാർലമെൻ്റിൽ ന്യായമായി സംസാരിച്ചോ എന്ന് ജനങ്ങൾ ചിന്തിക്കണം.

ജമ്മു & കാശ്മീര്‍ സംസ്ഥാന പദവി റദ്ദാക്കിയത്, 370 ആര്‍ട്ടിക്കില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് വേണ്ട രീതിയില്‍ എതിര്‍ത്തില്ല. മാര്‍ട്ടിന്റെ കമ്പനിയില്‍നിന്ന് കോണ്‍ഗ്രസ് ബോണ്ട് സ്വീകരിച്ച വാര്‍ത്ത വന്ന ശേഷം വി ഡി സതീശന്‍ പൊതു സമൂഹത്തിനോട് കസര്‍ത്തു കളിക്കുകയാണ്. ദേശീയതലത്തില്‍ കേന്ദ്ര അന്വേഷണം ഏജന്‍സികള്‍ക്കെതിരെ കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ടെങ്കിലും, സംസ്ഥാനത്തിനകത്ത് അന്വേഷണം ഏജന്‍സികള്‍ക്കും കോണ്‍ഗ്രസിനും ഒരേ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.