ശ്രീലങ്കയുടെ ഭാഗമായ ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപ്, പൊതുതിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മുമ്പ് ഇന്ത്യയിൽ ഒരു രാഷ്ട്രീയ തർക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയെയും ശ്രീലങ്കയെയും വിഭജിക്കുന്ന സമുദ്രനിരപ്പായ പാക്ക് കടലിടുക്കിലാണ് കച്ചത്തീവ് സ്ഥിതി ചെയ്യുന്നത്. ഇത് രാമേശ്വരത്തുനിന്ന് 16 കി. മീ വടക്കുകിഴക്കായും ശ്രീലങ്കയിലെ ജാഫ്‌ന നഗരത്തിൻ്റെ തെക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.
രാമനാഥപുരം രാജാവിന്റെ ജാഗിർദാരിയിൽ പെട്ടതായിരുന്നു കച്ചത്തീവ്. തത്പരരായ ആളുകൾക്ക് അക്കാലത്ത് ഈ ദ്വീപിൽ നിന്ന് ചിപ്പികളും ഔഷധച്ചെടികളും ശേഖരിക്കാനുള്ള പാട്ടാവകാശം നൽകിയിരുന്നു. 1921ൽ ഇന്ത്യയെ പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും ദ്വീപിൽ അവകാശം ഉന്നയിച്ചിരുന്നു. ഈ തർക്കം വർഷങ്ങൾ നീണ്ടുനിന്നു. ശേഷം 1974ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിർത്തി നിർണയിക്കുന്ന കരാർ ഒപ്പിടുകയും, ദ്വീപിൻ്റെ മേലുള്ള ഏതൊരു അവകാശവാദവും ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യ തർക്കം അവസാനിപ്പിക്കുകയും ചെയ്തു.
അക്കാലത്ത് അധികാരത്തിലിരുന്ന, ഇന്നത്തെ പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി ശ്രീലങ്കയ്ക്ക് ദ്വീപ് വിട്ടുനൽകിയതായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിന് പിന്നാലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആ തീരുമാനം വീണ്ടും തലക്കെട്ടുകളിൽ ഇടംപിടിച്ചിരിക്കുന്നു. “നിരാശ” കാരണം തെരഞ്ഞെടുപ്പിന് മുമ്പ് മോദി വിഷയം ഉയർത്തിക്കാട്ടുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രൂക്ഷമായി അതിനെ പ്രതികരിച്ചു.
1960-കളിൽ കച്ചത്തീവിനെക്കുറിച്ച് ഫെഡറൽ ഗവൺമെൻ്റിനുള്ളിൽ നടന്ന ചർച്ചകളെക്കുറിച്ച് മോദിയുടെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യിൽ നിന്നുള്ള ഒരു നേതാവിന് ലഭിച്ച പുതിയ വിവരമാണ് വിവാദത്തിന് കാരണമായത്. 1961ൽ അനൗദ്യോഗിക യോഗത്തിൽ കച്ചത്തീവ് വിട്ടുകൊടുക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് അന്നത്തെ പ്രധാനമത്രി ജവാഹ്‌ലാൽ നെഹ്‌റു പറഞ്ഞതായുള്ള മിനുട്സ് കിട്ടിയെന്നാണ് അവകാശവാദം.
ഏപ്രിൽ 19ന് തമിഴ്‌നാട്ടിൽ പൊതുതെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടിലെ സെൻസിറ്റീവ് വിഷയമായ കച്ചത്തീവിനെ വച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് വോട്ട് പിടിക്കാനുള്ള വിവാദമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു.
കച്ചത്തീവ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ മന്ത്രി ജീവൻ തൊണ്ടെമാൻ മുന്നോട്ടു വന്നിരുന്നു. കച്ചത്തീവ് ലങ്കയുടെ ഭാഗമാണെന്നും ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കർ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും ഉൾപ്പടെയുള്ള മുൻ വിദേശകാര്യ സെക്രട്ടറിമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.