തപാൽ സൗകര്യമുണ്ടെങ്കിലും വോട്ട് ബൂത്തിൽ മതിയെന്ന് 85 ന്റെ ‘ചെറുപ്പം’

0
49

തപാൽ സൗകര്യമുണ്ടെങ്കിലും വോട്ടുപെട്ടിയുടെ ഗൃഹാതുരതയിലാണ് 85 ന്റെ ‘ചെറുപ്പം’ വിട്ടുമാറാത്ത ഒരുകൂട്ടം വോട്ടർമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12ഡി ഫോം മുഖേന 85 വയസു കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരിക്കെയാണ് 3826 പേരുടെ ‘അവസരനിഷേധം’. 85 വയസുകഴിഞ്ഞ 18021 വോട്ടർമാർക്കാണ് ജില്ലയിൽ പോസ്റ്റൽ വോട്ടിനുഅർഹതയുള്ളത്. എന്നാൽ സമ്മതിദാനഅവകാശ വിനിയോഗത്തിനു പ്രായവും ശാരീരികപ്രയാസങ്ങളും മാറ്റിവച്ച് മുതിർന്നപൗരന്മാരിലെ ‘കരുത്തർ’ ബൂത്തുതിരഞ്ഞെടുക്കുന്ന ദൃഢനിശ്ചയമാണ് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് മാറ്റ്കൂട്ടുന്നത്.

അംഗപരിമിതരായ 20343 വോട്ടർമാരുണ്ട് ജില്ലയിൽ. 3340 പേരാണ് 12ഡി മുഖാന്തിരം വോട്ടിംഗ് അവകാശം വിനിയോഗിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതിലേറെ വരുന്ന 3444 പേർ ബൂത്തിലേക്കെന്നുചുരുക്കം.

ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം അവശ്യസർവീസുകളായ 14 വിഭാഗങ്ങളുണ്ട് (പൊലിസ്, അഗ്നിസുരക്ഷ, ജയിൽ, എക്‌സൈസ്, മിൽമ, വൈദ്യുതി, ജലവിഭവം, കെ. എസ്. ആർ. ടി. സി, ട്രഷറി, ആരോഗ്യം, വനപാലനം, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി. എസ്. എൻ. എൽ, റെയിൽവെ, പോസ്റ്റ് ആന്റ് ടെലഗ്രാഫ്, മാധ്യമങ്ങൾ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്). ഇവയ്ക്ക് പോസ്റ്റൽ വോട്ട് അവകാശമുണ്ട്. ഈ വിഭാഗത്തിൽ 282 പേരാണ് ഇതുവരെ പോസ്റ്റൽ വോട്ട് അപേക്ഷ നൽകിയത്.