രണ്ട് ജില്ലകൾ ഒഴികെ ബാക്കിയുള്ള എല്ലാ ജില്ലകളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്

0
36

സംസ്ഥാനത്തെ 12 ജില്ലകളിലും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ താപനില സാധാരണയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിയായും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിയായും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിയായും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, ഈ ജില്ലകളിൽ മലയോര പ്രദേശങ്ങളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.