തോഷഖാന അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ തടവ് ശിക്ഷ റദ്ദാക്കി

0
112

തോഷഖാന അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും നൽകിയ 14 വർഷത്തെ തടവ് ശിക്ഷ ഏപ്രിൽ ഒന്നിന് പാകിസ്ഥാൻ ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി. പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ജനുവരി 31ന് ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതിയാണ് കേസിൽ ഇരുവർക്കും ശിക്ഷ വിധിച്ചത്. ശിക്ഷയ്‌ക്കെതിരായ അപ്പീൽ ഈദ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഐഎച്ച്‌സി ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖ് പറഞ്ഞു.

പാകിസ്താനിൽ 1974ലാണ് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കാൻ തോഷഖാന വകുപ്പ് സ്ഥാപിച്ചത്. നിയമം ബാധകമാകുന്ന ആളുകള്‍ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനില്‍ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്.

ഒപ്പം അവര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയില്‍ ഏല്‍പ്പിക്കുകയും വേണം. ഇതില്‍ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങള്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാന്‍ കഴിയും. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ വിറ്റ് പണമാക്കി എന്നതാണ് ഇംറാന്റെ പേരിലുള്ള കേസ്. 2022 ആഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാക് സര്‍ക്കാരിലെ ചിലരും ചേര്‍ന്നാണ് ഇംറാനെതിരേ കേസ് നൽകിയത്.