ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

0
203

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യ ആസൂത്രകൻ കർണാടക സ്വദേശി മുസമ്മിൽ ഷെരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തു. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ്. വിവിധ സംസ്ഥാനങ്ങളിലായി 18 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ്. കർണാടകയിലെ 12 സ്ഥലങ്ങളിലും തമിഴ്‌നാട്ടിൽ അഞ്ച് സ്ഥലങ്ങളിലും യുപിയിലെ ഒരിടത്തും എൻഐഎ റെയ്ഡ് നടത്തി. മറ്റ് രണ്ട് പ്രതികൾക്ക് സ്‌ഫോടകവസ്തുക്കൾ എത്തിച്ചത് മുസമ്മിൽ ഷെരീഫാണെന്ന് എൻഐഎ പറഞ്ഞു.

കഫേയിൽ ബോംബ് സ്ഥാപിച്ചത് മുസാവിർ ഷസീബ് ഹുസൈനാണെന്ന് എൻഐഎ അറിയിച്ചു. അബ്ദുൾ മതീൻ താഹയാണ് സ്‌ഫോടനത്തിൻ്റെ മറ്റൊരു സൂത്രധാരൻ. മുസാവിറും താഹയും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഇപ്പോഴും സജീവമാണെന്ന് എൻഐഎ അറിയിച്ചു.

മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ മാർച്ച് മൂന്നിന് കേസ് എൻഐഎയ്ക്ക് കൈമാറി. മാർച്ച് 17ന് തിരിച്ചറിഞ്ഞ മൂന്ന് പ്രതികളുടെ വസതികളിലും മറ്റ് ബന്ധുക്കളുടെ വീടുകളിലും കടകളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങളും പണവും പിടിച്ചെടുത്തു. അതേസമയം, സ്‌ഫോടനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.