ഗ്യാങ്‌സ്റ്ററിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുക്താര്‍ അന്‍സാരി ജയിലിൽ അന്തരിച്ചു

0
82

ഗ്യാങ്‌സ്റ്ററിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുക്താർ അൻസാരി അന്തരിച്ചു. ജയിലിൽ വെച്ചായിരുന്നു അന്ത്യം. മൗ സദറിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അൻസാരി(63) 2005 മുതൽ ഉത്തർപ്രദേശിലും പഞ്ചാബിലും ജയിലിൽ കഴിയുകയാണ്. 60-ലധികം ക്രിമിനൽ കേസുകൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ ജയിലിൽ വെച്ചായിരുന്നു അൻസാരിയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.

അദ്ദേഹത്തെ ഉടനെ തന്നെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും ആരോഗ്യ സ്ഥിതി മോശമാവുകയും പിന്നീട് മരണത്തിന് കീഴങ്ങുകയായിരുന്നു. ആശുപത്രിയുടെ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 8.25ന് അബോധാവസ്ഥിലാണ് അൻസാരിയെ ആശുപത്രിയിലെത്തിച്ചത്.

ഉത്തർപ്രദേശിൽ മൗവിൽ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎൽഎയായിട്ടുണ്ട് അൻസാരി. തനിക്ക് ഛർദിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അധികൃതർ എത്തി അൻസാരി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും അദ്ദേഹം ബോധം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വീണിരുന്നു. ഒൻപതംഗ മെഡിക്കൽ സംഘമാണ് അദ്ദേഹത്തെ പരിശോധിച്ചത്.

എന്നാൽ ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ അദ്ദേഹം മരിക്കുകയായിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അതേസമയം അൻസാരിയെ ആശുപത്രിയിലെത്തിച്ച ഉടനെ വൻ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിരുന്നു. യുപിയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പിടിഐ റിപ്പോർട്ട് ചെയ്തു.

അധികമായി പോലീസുകാരെ പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. അതിന് പുറമേ സിആർപിഎഫിനെയും സുരക്ഷയുടെ ഭാഗമായി ബാന്ദ, മൗ, ഗാസിപൂർ, വാരണാസി ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചൊവ്വാഴ്ച്ച അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പതിനാല് മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. അൻസാരിയുടെ സഹോദരനും ഗാസിപൂർ എംപിയുമായ അഫ്‌സൽ അൻസാരി സഹോദരന് ആരോ വിഷം നൽകിയതായും പറഞ്ഞിരുന്നു. ജയിലിലെ ഭക്ഷണത്തിൽ കലർത്തിയാണ് ഇത് നൽകിയത്. രണ്ടാം തവണയാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. നാൽപ്പത് ദിവസം മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു. മാർച്ച് 19, 22 തിയതികളിലും ഇത് തന്നെ സംഭവിച്ചു. അതുകൊണ്ടാണ് ആരോഗ്യനില മോശമായതെന്നും അഫ്‌സൽ അൻസാരി പറഞ്ഞു.

ചൊവ്വാഴ്ച്ച വൈകീട്ട് മുന്നേമുക്കാലോടെ അൻസാരിയുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ശുചിമുറിയിൽ അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും ജയിൽ അധികൃതർ പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ രാത്രിയിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നുവെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

അതേസമയം അൻസാരിക്കെതിരെ 61 ക്രിമിനൽ കേസുകളാണ് ഉള്ളത്. ഇതിൽ പതിനഞ്ചെണ്ണം കൊലക്കേസുകളാണ്. 1980കളിൽ ഗുണ്ടാസംഘത്തിൽ ചേർന്ന അൻസാരി, 1990കളിൽ സ്വന്തമായി സംഘത്തെ രൂപീകരിക്കുയായിരുന്നു. മൗ, ഗാസിപൂർ, വാരണാസി, ജോൻപൂർ ജില്ലകളിൽ തട്ടിക്കൊണ്ടുപോകലും, കൊള്ളയ്ക്കും നേതൃത്വം നൽകിയത് അൻസാരിയായിരുന്നു.

2004ൽ ഇയാളുടെ ഒളിസങ്കേതത്തിൽ നിന്ന് മെഷീൻ ഗൺ കണ്ടെത്തിയതിനെ തുടർന്നാണ് അൻസാരി അറസ്റ്റിലാവുന്നത്. അന്ന് മുതൽ ജയിലിലാണ് അദ്ദേഹം. ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തിൽ അദ്ദേഹത്തിന് പത്ത് വർഷം തടവ് ലഭിച്ചു. കള്ളത്തോക്ക് ലൈസൻസ് കേസിലും അദ്ദേഹത്തിന് ജീവപര്യന്തം ലഭിച്ചിരുന്നു. സമാജ് വാദി പാർട്ടി അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.