സ്റ്റോപ് ക്ലോക്ക് സമ്പ്രദായം നിർബന്ധമാക്കാൻ തീരുമാനിച്ച് ഐസിസി

0
243

വരുന്ന ടി 20 ലോകകപ്പോടെ സ്റ്റോപ് ക്ലോക്ക് സമ്പ്രദായം നിർബന്ധമാക്കാൻ തീരുമാനിച്ച് ഐസിസി. നിശ്ചിത ഓവർ ക്രിക്കറ്റ് മത്സരത്തിൽ, ഓവറുകൾക്കിടയിലെ സമയദൈർഘ്യം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനുമാണ് സ്റ്റോപ് ക്ലോക്ക് ഉപയോഗിക്കുന്നത്.

തുടർന്നങ്ങോട്ട് എല്ലാ പരിമിത ഓവർ (ടി 20, ഏകദിനം) മത്സരങ്ങളിലും ഈ നിയമം നടപ്പാക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) തീരുമാനിച്ചു. ഒരോവർ ബൗൾചെയ്തു കഴിഞ്ഞ് 60 സെക്കൻഡിനകം അടുത്ത ഓവർ തുടങ്ങിയിരിക്കണം എന്നാണ് നിയമം. ഇത് പാലിക്കാത്ത ടീമിന് രണ്ട് തവണ മുന്നറിയിപ്പ് നൽകും. ആവർത്തിച്ചാൽ ഓരോ തവണയും പിഴയായി ബാറ്റിങ് ടീമിന് അഞ്ചുറൺസ് വീതം അനുവദിക്കും.

കഴിഞ്ഞ ഡിസംബറിലാണ് സ്റ്റോപ് ക്ലോക്ക് നടപ്പാക്കാൻ തീരുമാനിച്ചത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നുണ്ട്. ഇത് വൻ വിജയമാണെന്ന് വെള്ളിയാഴ്ച ചേർന്ന ഐ.സി.സി. കമ്മിറ്റി വിലയിരുത്തി. ഒരു ഏകദിന മത്സരത്തിന്റെ സമയം ശരാശരി 20 മിനിറ്റ് കുറഞ്ഞുവെന്നും വിലയിരുത്തലുണ്ടായി.

ഓവറിലെ അവസാന പന്തിൽ വിക്കറ്റ് വീഴുകയോ ഡ്രിങ്കിനായി പിരിയുകയോ പരിക്കേൽക്കുകയോ ചെയ്താൽ സ്റ്റോപ് ക്ലോക്ക് നിയമം ബാധകമാകില്ല.