ഇലക്ട്രറൽ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐ നൽകിയ വിവരങ്ങൾ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രധാന വിവരങ്ങൾ വ്യക്തമാക്കാതെ പ്രസിദ്ധീകരണം. രണ്ടുഭാഗങ്ങളായി എസ്ബിഐ നൽകിയ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പട്ടികയിൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും മറ്റൊരു പട്ടികയിൽ ബോണ്ട് പണമാക്കിയ പാർട്ടികളുടെ വിവരങ്ങളുമാണ് ഉള്ളത്. മുൻ റിപ്പോർട്ടുകൾ ശരിവെക്കും പ്രകാരം ബിജെപിയ്ക്കാണ് ഏറ്റവുമധികം പണം ലഭിച്ചത്.
ബോണ്ട് വാങ്ങിയവരുടെ പേര്, തീയതി, ബോണ്ടുകളുടെ മൂല്യം, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പേര്, പാർട്ടികൾ കാശാക്കിയ ഓരോ ബോണ്ടിന്റെയും മൂല്യം, മാറ്റിയെടുത്ത തീയതി എന്നീ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബോണ്ട് വാങ്ങിയിട്ടുള്ള വ്യക്തികളെ സംബന്ധിച്ചും ആർക്കുവേണ്ടിയാണ് ബോണ്ടുകൾ വാങ്ങിയത് എന്നതിനെക്കുറിച്ചും വിവരമില്ല. ബോണ്ട് വാങ്ങിയവരുടെ പട്ടിക 337 പേജും ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ പട്ടിക 426 പേജുമുണ്ട്.
2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ ഭാരതീയ ജനതാ പാർട്ടിക്ക് 6060.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ലഭിച്ചത്. ഈ കാലയളവിൽ, മൊത്തം ബോണ്ടുകളിൽ ബി ജെ പിയുടെ വിഹിതം 47.5 ശതമാനത്തിലധികം ആയിരുന്നു.
ബിജെപിക്ക് ശേഷം ഏറ്റവും കൂടുതൽ ബോണ്ടുകൾ ഏറ്റുവാങ്ങിയത് തൃണമൂൽ കോൺഗ്രസ്സും, കോൺഗ്രസ്സുമാണ്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിന് 1,609.50 കോടിയും (12.6%), കോൺഗ്രസിന് ₹1,421.9 കോടിയും (11.1%) ലഭിച്ചു.
മാർച്ച് 12 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വെളിപ്പെടുത്തിയ വിവരങ്ങൾ മാർച്ച് 15നകം ഈ വിവരങ്ങൾ വെബ്‌സൈറ്റിൽ ഹോസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഇസിഐയോട് നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) ഈ വിവരങ്ങൾ പുറത്ത് വിട്ടത്.