അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ നഷ്ടപ്പെട്ടു; കാണാതായത് എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന്, കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടു

കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. മൂന്ന് മാസം മുന്‍പാണ് ഇവ കാണാതാകുന്നത്.

0
78

കൊച്ചി: അഭിമന്യു കൊലക്കേസിലെ സുപ്രധാന രേഖകഖള്‍ കാണാനില്ല. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. മൂന്ന് മാസം മുന്‍പാണ് ഇവ കാണാതാകുന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതെ സംഭവം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്. നഷ്ടപ്പെട്ടവയുടെ പകര്‍പ്പുകള്‍ പൊലീസിന്റെ കൈവശമുള്ളതായി കോടതിയെ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള പകര്‍പ്പുകള്‍ ഉടന്‍ കോടതിക്ക് കൈമാറും. 2018 ജൂലൈ 1 നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. ഈ രേഖകള്‍ എങ്ങനെ നഷ്ടമായി എന്നതില്‍ വ്യക്തതയില്ല. രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന നിലപാടിലാണ് എസ്എഫ്‌ഐ.

അതേസമം, സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. ‘അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം’. എസ്എഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

2018 ജൂലെ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റ് മരിച്ചത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം വിചാരണ തുടങ്ങാനിരിക്കെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് രേഖകള്‍ കാണാതായത്. സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി.