കക്കയത്ത് ആളെ കൊല്ലി കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ ഉത്തരവ്

ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ ആരും വനത്തിൽ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

0
71

കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

അതേസമയം, ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ ആരും വനത്തിൽ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. വനം വകുപ്പ് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയ പ്രകാരമാണ് നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവിട്ടത്. ടോൾ ഫ്രീ നമ്പർ: 18004254733.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകൻ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിൻ്റെ കുടുംബത്തിന് ആശ്വാസ ധനം ഇന്ന് നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.