ഇനി ഫോൺ പേയിലൂടെ കേൾക്കുന്നത് മമ്മൂട്ടിയുടെ ശബ്ദം

0
46

സ്മാർട്ട് സ്പീക്കറുകളിൽ സെലിബ്രിറ്റി വോയ്‌സ് ഫീച്ചർ അവതരിപ്പിച്ച് ഫിൻടെക് സ്ഥാപനമായ ഫോൺ പേ. ആദ്യമായാണ് ഇങ്ങനെയൊരു ഫീച്ചർ ഒരു ഫിൻടെക് കമ്പനി പുറത്തിറക്കുന്നത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ പണമിടപാട് നടത്തിയ വിവരം അറിയിക്കുന്നതിനായി താരങ്ങളായ മമ്മൂട്ടി, കിച്ച സുധീപ്, മഹേഷ് ബാബു, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിലൂടെ ഉപഭോക്തൃ പെയ്മെന്റുകൾ സാധൂകരിക്കാൻ ഓരോ സംസ്ഥാനത്തെയും പ്രമുഖ താരങ്ങളുടെ ശബ്ദങ്ങൾ സ്മാർട്ട് സ്പീക്കറിൽ ലഭ്യമാകും. പ്രാദേശിക ഭാഷകളായ മലയാളം, കന്നഡ, തെലുഗു എന്നിവയിലും ഇത് ലഭ്യമാകും. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നടൻ അമിതാഭ് ബച്ചൻറെ ശബ്ദം ഫോണ്‍പേയുടെ സ്മാര്‍ട്ട് വോയിസില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. വ്യാപാരികൾക്ക് പണമിടപാട് നടത്തുന്നതിനായി സ്മാര്‍ട്ട് സ്പീക്കറുകൾ ഒരു വർഷം മുൻപാണ് ഇവര്‍ പുറത്തിറക്കിയത്.

നിലവിലെ പുതിയ ഫീച്ചറിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സെലിബ്രിറ്റി ശബ്ദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇടപാടുകളിൽ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . “3.8 കോടിയിലധികം വ്യാപാരികൾ ഞങ്ങളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു, അതിനാൽ പണമിടപാടുകൾ നടത്തുമ്പോൾ ഓരോരുത്തർക്കും അവരുടേതായ ഭാഷ ആവശ്യമാണ് “, ഫോൺപേ ചീഫ് ബിസിനസ് ഓഫീസർ യുവരാജ് സിംഗ് ഷെഖാവത്ത് പറഞ്ഞു.

പ്രശസ്തരായ താരങ്ങളുടെ സഹകരണത്തോടെ ആണ് ഉപഭോക്താക്കൾക്കായി ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വ്യാപാരികൾക്കും ഉപയോക്താക്കൾക്കുമിടയിൽ ഫോൺ പേ സ്മാർട്ട് സ്പീക്കറിൻ്റെ ഉപയോഗം വർദ്ധിക്കുമെന്ന് കരുതുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി വ്യാപാരികൾക്ക് ഈ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്ന് പരിശോധിക്കാം

1. ‘PhonePe for Business’ ആപ്പ് തുറക്കുക

ഹോം സ്ക്രീനിലെ സ്മാർട്ട് സ്പീക്കർ വിഭാഗത്തിലേക്ക് പോകുക

‘My SmartSpeaker’ എന്ന ഓപ്ഷനിൽ ലഭ്യമായ ‘SmartSpeaker Voice’ എന്നതിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയിൽ സെലിബ്രിറ്റികളുടെ ശബ്ദം തെരഞ്ഞെടുക്കാം

ശബ്ദം ആക്റ്റീവ് ആക്കുന്നതിനായി ’ ‘Confirm ’ എന്നതിൽ ക്ലിക്ക് ചെയ്യുക

തുടർന്ന് നിങ്ങൾ തിരഞ്ഞെടുത്ത സെലിബ്രിറ്റിയുടെ ശബ്ദത്തിൽ സ്മാർട്ട്‌ സ്പീക്കർ റീബൂട്ട് ചെയ്യപ്പെടും.