ശബരിമല മേൽശാന്തി നിയമനം ; അബ്രാഹ്മണരെ നിയമിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

0
125

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി മലയാള ബ്രാഹ്മണരല്ലാത്തവരെയും പരിഗണിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാൽ മതിയെന്ന വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നത് വിവേചനവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, എം.വിജു, സി.എ. ഷാജിമോൻ, എ.ആർ. രജീഷ് കുമാർ, എ.എസ്. രജീഷ് എന്നിവരുടെ വാദം.

മേൽശാന്തി നിയമനത്തിന്റെ പൂർണചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നും ഇക്കാര്യത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അതേസമയം, മേൽശാന്തിമാരെ നിയമിക്കാൻ 2017 ജൂലായ് 20നും 2021 മേയ് 27നും ദേവസ്വം കമ്മിഷണർ ക്ഷണിച്ച അപേക്ഷയിൽ മലയാള ബ്രാഹ്മണർ ഒഴികെയുള്ള ഹിന്ദു വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14, 15, 16, 17 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാർ ബോധിപ്പിച്ചത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ മലയാള ബ്രാഹ്‌മണര്‍ക്ക് മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃതസമൂഹത്തിന് യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്നാണ് ഹര്‍ജിക്കാരുടെ നിലപാട്. എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയില്‍ ജനനത്തിന്റെ പേരിലല്ല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്ന വാദവും ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നു.

ശബരിമലയിൽ പുരാതനകാലം മുതലുള്ള രീതി മാറ്റാനാവില്ലെന്ന് ദേവസ്വം ബോർഡ് ബോധിപ്പിച്ചു. വൈക്കം, ഏറ്റുമാനൂർ, ശബരിമല തുടങ്ങി പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങൾ വ്യത്യസ്തമാണെന്നും ചികീഴ്‌വഴക്കങ്ങൾ പിന്തുടരുന്നത് മറ്റു നിയമങ്ങളുമായി താരതമ്യം ചെയ്യരുതെന്നും വാദിച്ചു. ശാന്തിക്കാരൻ തസ്തികയിലടക്കം ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. പുരാതനകാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തെറ്റാണെങ്കിൽ തെളിയിക്കാനുള്ള ബാദ്ധ്യത ഹർജിക്കാർക്കാണെന്നും ദേവസ്വം ബോർഡ് വാദിച്ചിരുന്നു.