തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ് ; കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ, സ്ഥാപനത്തിനെതിരെ കേസെടുത്ത് പൊലീസ്

പഠിച്ചിറങ്ങിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥാപനം തടഞ്ഞു വെച്ചതോടെയാണ് കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്.

0
170

തൃശൂർ: പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പു നടത്തിയതായി പരാതി. പരാതിയുമായി വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സമീപിച്ചു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി സ്ഥാപനം പൂട്ടിയതോടെ വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തി.

പഠിച്ചിറങ്ങിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥാപനം തടഞ്ഞു വെച്ചതോടെയാണ് കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. മിനര്‍വ അക്കാദമി സ്കില്‍ ആൻഡ് പ്രൊഫണല്‍ സ്റ്റഡീസ് എന്നപേരിലാണ് 50,000 മുതല്‍ 6 ലക്ഷം വരെ ഫീസ് വാങ്ങി പാരാ മെഡിക്കൽ കോഴ്സുകൾ നടത്തിയിരുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് മനസ്സിലാക്കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.