ചൂട് കൂടുന്നു; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് , തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്

0
50

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില അനുഭവപ്പെടും. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് , തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.  കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. സാധാരണയുള്ളതിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാദ്ധ്യത.

സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ കമ്മിഷണറേറ്റിന്‍റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി.

പകൽ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും.