ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് ഇന്ന് രണ്ടുവയസ്

77 മീറ്റർ ഉയരത്തിൽ 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന മ്യൂസിയം ദുബായുടെ സുപ്രധാന നാഴികക്കല്ലായി മാറിക്കഴിഞ്ഞു

0
208

ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്ന് വിളിപ്പേരുള്ള ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് ഇന്ന് രണ്ടുവയസ്. രണ്ട് മില്യൺ സന്ദർശകർ എന്ന റെക്കോർഡിട്ടാണ് ഫ്യൂച്ചർ മ്യൂസിയം രണ്ടാം വർഷം പിന്നിടുന്നത്.

സങ്കൽല്പങ്ങളെ കടത്തി വെട്ടുന്ന വിസ്മയങ്ങളുടെ കലവറയാണ് മ്യൂസിയത്തിനകത്ത് കാത്തിരിക്കുന്നത്. പ്രവർത്തനം തുടങ്ങും മുമ്പ് തന്നെ ദുബായിലെ ഭാവിയുടെ മ്യൂസിയത്തെ നാഷണൽ ജിയോഗ്രാഫിക് ലോകത്തെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിൽ ഒന്നായി വാഴ്ത്തിയിരുന്നു.

മ്യൂസിയത്തിന്റെ രൂപകല്പന, ഉള്ളടക്കം, ഭാവി ശാസ്ത്രങ്ങൾ എന്നിവയ്ക്ക് ഇതുവരെ 10 അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചു. ഭാവിയെക്കുറിച്ചുള്ള ദുബായുടെ കാഴ്ചപ്പാടുകൾ സന്ദർശകരിലേക്ക് എത്തിക്കാൻ നിർമിത ബുദ്ധി, റോബോട്ടുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇവിടെ ഉപയോഗിക്കുന്നത്. 77 മീറ്റർ ഉയരത്തിൽ 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന മ്യൂസിയം ദുബായുടെ സുപ്രധാന നാഴികക്കല്ലായി മാറിക്കഴിഞ്ഞു.

2017ൽ നിർമാണം ആരംഭിച്ച മ്യൂസിയം 2022 ഫെബ്രുവരി 22നാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഇതിനിടെ 172 രാജ്യങ്ങളിൽ നിന്നായി 20 ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഇതിൽ 40 രാഷ്ട്രനേതാക്കളും ഉൾപ്പെടും. ശ്രദ്ധേയമായ 280 പരിപാടികൾക്കും ഫ്യൂച്ചർ മ്യൂസിയം വേദിയായി