ട്രെയിൻ യാത്രക്കാരന്റെ ഐ ഫോണ്‍ മോഷ്ടിച്ചു;വാവാട് സ്വദേശിയുൾപ്പെടെ പിടിയിൽ

0
121

ഷൊർണൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരന്റെ വിലയേറിയ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റില്‍. മലപ്പുറം ചെറുക്കാവ് സ്വദേശി അജിത്, കൊടുവള്ളി വാവാട് സ്വദേശി ഫസുറുദ്ദീൻ എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉച്ചയോടെയായിരുന്നു മോഷണം. ആറാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരിക്കുന്നതിനിടെ ഐഫോൺ മോഷ്ടിച്ചെന്നായിരുന്നു മലപ്പുറം കുളപ്പറമ്പ് സ്വദേശി മുഹമ്മദ് ഷഹാദിന്റെ പരാതി. അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് പിടികൂടി. പ്രതികളുടെ കയ്യിൽ നിന്നു ഫോൺ കണ്ടെടുത്തതായി റെയിൽവേ പൊലീസ് അറിയിച്ചു. അജിത്തിന്റെ പേരിൽ മോഷണം, പോക്സോ, പിടിച്ചുപറി, കഞ്ചാവ്കടത്ത് ഉൾപ്പെടെ പതിനെട്ടിലധികം കേസുകളുണ്ട്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിലായാണു കേസുകൾ. കളവ്, കഞ്ചാവ് കടത്ത്, സ്ത്രീകളെ ശല്യം ചെയ്യൽ, പോക്സോ ഉൾപ്പെടെ പതിനേഴ് കേസുകളിൽ പ്രതിയാണ് ഫസുറുദ്ദീനെന്നു പൊലീസ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണു കേസുകൾ. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു