ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം ; പൊങ്കാല 25ന് , കുത്തിയോട്ട വ്രതാരംഭം 19ന്

വൈകിട്ട് 6ന് അംബാ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടി ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം ചെയ്യും.

0
85

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമായത്. 25നാണ് പൊങ്കാല. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഉത്സവത്തിനു മുന്നോടിയായി 15ന് ആരംഭിച്ച ശുദ്ധികലശം ഇന്നലെ അവസാനിച്ചിരുന്നു.

ഉത്സവ നാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലിൽ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ക്ഷേത്രത്തിന്റെ നടപ്പന്തൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അനാച്ഛാദനം ചെയ്തു.

വൈകിട്ട് 6ന് അംബാ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടി ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. 19ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ താമസിച്ച് വ്രതമനുഷ്ഠിക്കുന്ന കുട്ടികൾ ദിവസവും മൂന്നുനേരം കുളിച്ച് ഈറനണിഞ്ഞ് ദേവിക്കു മുന്നിൽ 1008 നമസ്‌കാരം നടത്തും.

കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് പൊങ്കാലദിവസം വൈകിട്ട് നടത്തും. രാത്രി 11ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത്, പൂജകൾക്കുശേഷം അടുത്ത ദിവസം പുലർച്ചെ തിരിച്ചെഴുന്നള്ളും. രാത്രി ദേവിയുടെ കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.