വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ചു; ആയുർവേദ ഡോക്ടറെ പിടികൂടി വനം വകുപ്പ്

കൊട്ടാരക്കരയിലേക്ക് പോകവേ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ ചാടിയ മുള്ളൻപന്നിയെ ഡോക്ടർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു

0
70

കൊല്ലം : വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. കൊല്ലം കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി ബാജിയെയാണ് അഞ്ചലിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാളുടെ കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വീട്ടില്‍ നിന്നും മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും, കറിവെച്ച നിലയിൽ ഇറച്ചിയും വനപാലകർ കണ്ടെടുത്തു.അഞ്ചൽ വനംറേഞ്ച് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി പരിശോധ നടത്തിയത്.

വെറ്റില വിൽക്കാനായി കൊട്ടാരക്കരയിലേക്ക് പോകവേ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ ചാടിയ മുള്ളൻപന്നിയെ ഡോക്ടർ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. പുലർച്ചെയായിരുന്നു സംഭവം. പരുക്കേറ്റ മുളളന്‍പന്നിയെ ഡോക്ടർ വാഹനം നിർത്തി വാഹനത്തിൽ കയറ്റി വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇതിനെ കൊന്ന് കറിവെക്കുകയായിരുന്നു. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്.