ഗോഡ്സെയെ മഹത്വവൽക്കരിച്ച് ഫേസ്ബുക്ക് കമന്റ് ; എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് എൻഐടി വ്യക്തമാക്കിയിരുന്നു.

0
123

കോഴിക്കോട്:  മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക ഗോഡ്സെയെ മഹത്വവൽക്കരിച്ച് ഫേസ്ബുക്ക് കമന്റിട്ട എൻ ഐ ടി അധ്യാപിക ഷൈജ ആണ്ടവനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അധ്യാപികയുടെ ചാത്തമംഗലത്തെ വീട്ടിൽ എത്തിയാകും ചോദ്യം ചെയ്യുക. എൻഐടി രൂപീകരിച്ച കമ്മിറ്റിയുടെ അന്വേഷണം തുടരുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ അധ്യാപികയ്ക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. കലാപാഹ്വാനത്തിനാണ് അധ്യാപികയ്ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്.

അധ്യാപികയുടെ എഫ് ബി കമന്റിനെക്കുറിച്ച് അന്വേഷിക്കാൻ കോഴിക്കോട് എൻ ഐ ടി കഴിഞ്ഞ ദിവസം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷമായിരിക്കും വകുപ്പ് തലത്തിലുള്ള തുടർനടപടികൾ. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായത്തേയും അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് എൻഐടി വ്യക്തമാക്കിയിരുന്നു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവൻ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്.