തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു; ചരിഞ്ഞത് ബന്ദിപ്പൂരിൽ വെച്ച്, സംഭവിച്ചതെന്തെന്ന് പരിശോധിക്കാൻ പ്രത്യേകസംഘം

പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ നടക്കും. കേരളത്തിലെയും കർണാടകയിലേയും വിദഗ്ധർ മേൽനോട്ടം വഹിക്കും.

0
274

ബെംഗളൂരു: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. ഇന്നലെ മയക്കുവെടി വെച്ച് പിടികൂടി കർണാടകയിൽ എത്തിച്ച ശേഷമാണ് കൊമ്പൻ ചരിഞ്ഞത്. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ നടക്കും. കേരളത്തിലെയും കർണാടകയിലേയും വിദഗ്ധർ മേൽനോട്ടം വഹിക്കും.

മയക്കുവെടി വെച്ച് ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചുവെങ്കിലും തണ്ണീർക്കൊമ്പൻ പോകാൻ കൂട്ടാക്കിയിരുന്നില്ല. രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്.