തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ മേഖലയിലെ ഇന്ധനക്കടത്തുമായി ബന്ധപ്പെട്ട് ടാങ്കര്‍ ജീവനക്കാരായ മൂന്ന് പേർ പോലീസിന്റെ പിടിയിൽ. ബീഹാര്‍ സ്വദേശികളായ പിന്റുകുമാര്‍ (30), ചന്ദ്രന്‍കുമാര്‍ (31), കൃഷ്ണ പ്രസാദ് (53) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ലക്ഷക്കണക്കിന് ലിറ്റര്‍ ഡീസല്‍ കൊണ്ടുവരുന്ന ടാങ്കറില്‍ നിന്ന് രഹസ്യമായി ഇടത്തരം ബാരലുകളില്‍ ഡീസല്‍ നിറച്ച് കടലില്‍ വച്ച് തന്നെ പ്രദേശവാസികളായ ചിലര്‍ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന ഇന്ധനക്കടത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം നടത്തി പൊലീസ് പ്രതികളെ പിടികൂടിയത്.
18ന് രാത്രി ഒരു മണിയോടെ ഉള്‍ക്കടലില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന രണ്ടായിരം ലിറ്റര്‍ ഡീസലുമായി വിഴിഞ്ഞം സ്വദേശികളായ ദിലീപ്, റോബിന്‍, ഷിജില്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ഡീസല്‍ കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു.
നേരത്തെ പിടികൂടി റിമാന്റ് ചെയ്തവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ധന ടാങ്കറിലെ ജീവനക്കാരുടെ പങ്ക് വെളിവായതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയില്‍ നിന്ന് ഡീസല്‍, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സ്ഥലത്തെത്തിച്ച് ബോട്ടുകള്‍ക്കും ടഗ്ഗുകള്‍ക്കും ബാര്‍ജുകള്‍ക്കും വിതരണം നടത്തുന്ന ഓയില്‍ ടാങ്കറിലെ തൊഴിലാളികളാണിവര്‍.