പെൺകുട്ടിയെ കാണാനില്ലെന്ന കേസിൽ യുപി പൊലീസ് എത്തിയത് വടകരയിലെ യുവതിയുടെ വീട്ടിൽ

ഉത്തർപ്രദേശിൽനിന്ന് കാണാതായ പെൺകുട്ടിയുടെ ഫോൺ നമ്പരും വടകരയിലുള്ള യുവതിയുടെ ഫോൺ നമ്പരും തമ്മിൽ ഒരക്കത്തിന്‍റെ വ്യത്യാസമുണ്ടായിരുന്നു. ഇത് മനസിലാക്കാതെയാണ് യു പി പൊലീസ് വടകരയിലെത്തിയത്.

0
94

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വടകരയിലെത്തിയ സംഭവത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. വടകരയിലുള്ള യുവതിയുടെ വീട്ടിലാണ് യു പി പൊലീസ് സംഘം എത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ യുവതി നിരപരാധിയാണെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസമാണ് വടകരയിൽ നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഷോപ്പിങ്ങിനായി വടകര ടൗണിൽ സഹോദരിക്കൊപ്പം എത്തിയപ്പോഴാണ് വീട്ടിൽ യു പി പൊലീസ് റെയ്ഡ് നടത്തുന്നുവെന്ന വിവരം അറിയുന്നത്. ഉടൻ തന്നെ യുവതിയും സഹോദരിയും വീട്ടിലെത്തി. ഉത്തർപ്രദേശിൽനിന്ന് കാണാതായ പെൺകുട്ടി യുവതിയുടെ വീട്ടിലുണ്ടെന്നും അതിനാലാണ് റെയ്ഡ് നടത്തുന്നതെന്നുമായിരുന്നു യു പി പൊലീസിന്‍റെ വിശദീകരണം.

യുവതിയെ യു പി പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ ബന്ധുക്കളും നാട്ടുകാരും ഇടപെട്ടതോടെ യു പി പൊലീസ് പിൻമാറി. യുവതിയോട് വടകര പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശം നൽകി. ഇതേത്തുടർന്ന് അച്ഛനും സഹോദരനുമൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരായി. എന്നാൽ വടകര പൊലീസ് നടത്തിയ പരിശോധനയിൽ യു പി പൊലീസിന് അബദ്ധം പറ്റിയതാണെന്ന് വ്യക്തമായി.

ഉത്തർപ്രദേശിൽനിന്ന് കാണാതായ പെൺകുട്ടിയുടെ ഫോൺ നമ്പരും വടകരയിലുള്ള യുവതിയുടെ ഫോൺ നമ്പരും തമ്മിൽ ഒരക്കത്തിന്‍റെ വ്യത്യാസമുണ്ടായിരുന്നു. ഇത് മനസിലാക്കാതെയാണ് യു പി പൊലീസ് വടകരയിലെത്തിയത്. അബദ്ധം തിരിച്ചറിഞ്ഞതോടെ യു പി പൊലീസ് യുവതിയോടെ മാപ്പ് പറഞ്ഞ് മടങ്ങി.

എന്നാൽ യു പി പൊലീസിന്റെ ഉത്തരവാദിത്വമില്ലാത്ത നടപടികൾ തനിക്ക് വലിയ അപമാനം ഉണ്ടാക്കിയെന്ന് യുവതി പറഞ്ഞു. സഹോദരന്റെ വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് പ്രശ്നം ഉണ്ടായതെന്നും യുവതി പറഞ്ഞു. മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.