വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കൾ തെങ്കാശിയിൽ വാഹനാപകടത്തിൽ മരിച്ചു

കാറിൽ ഉണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വാടകയ്ക്ക് എടുത്ത കാറിലാണ് അവധിദിനത്തിൽ സുഹൃത്തുക്കളായ ആറുപേരും കുറ്റാലത്തേക്ക് എത്തിയത്.

0
94

ചെങ്കോട്ട: കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കൾ തെങ്കാശിയിൽ വാഹനാപകടത്തിൽ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർത്തിക് (28) വേൽ മനോജ് (24) പുളിയങ്കുടി സ്വദേശികളായ പോത്തിരാജ് (30), സുബ്രഹ്മണ്യൻ (27), മനോ സുബ്രഹ്മണ്യൻ (17) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തെങ്കാശി പുളിയങ്കുടിക്ക് സമീപം അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വാടകയ്ക്ക് എടുത്ത കാറിലാണ് അവധിദിനത്തിൽ സുഹൃത്തുക്കളായ ആറുപേരും കുറ്റാലത്തേക്ക് എത്തിയത്. ദിവസം മുഴുവൻ കുറ്റാലത്ത് ചെലവഴിച്ച ശേഷമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ആറുപേരെയും ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എതിരെ വന്ന സിമന്‍റ് ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുളിയങ്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.