തിരുവന്തപുരത്ത് സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൂന്നു പേരെയും പുറത്തെടുത്തത്..

0
114

തിരുവനന്തപുരം: വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘം ആണ് അപകടത്തിൽപ്പെട്ടത്. ചുഴിയിൽ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെട്ടുകാട് സ്വദേശി ഫെർഡിനാൻ(19), മണക്കാട് സ്വദേശി മുകുന്ദൻ ഉണ്ണി(19), വിഴിഞ്ഞം സ്വദേശി ലിബിനോൻ(20) എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വെള്ളായണി വവ്വാമൂലയിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൂന്നു പേരെയും പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ ഇന്ന് ഉച്ചയോടെ പുഴയിൽ മുങ്ങിമരിച്ച സംഭവം ഉണ്ടായിരുന്നു. നിലമ്പൂർ അകമ്പാടം പെട്രോൾ പമ്പിന് സമീപം ഇടിവണ്ണ പുഴയിൽ വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ കുട്ടികൾ മരിച്ചത്. പന്നിയങ്കാട് താമസിച്ചിരുന്ന ബാബു നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ്(14), റാഷിദ്(12) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്.

കുറച്ചുകാലങ്ങളായി അകമ്പാടത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് വീട്ടുകാർ പറഞ്ഞു. ഫയർഫോഴ്‌സും, നാട്ടുകാരും, ERF അംഗങ്ങളും രക്ഷാപ്രവർത്തനം നടത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.