സ്കൂളില്‍നിന്ന് അരി കടത്തി; നാല് അധ്യാപകർക്ക് സസ്പെന്‍ഷന്‍

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി രാത്രിയിൽ കടത്തുന്നതായി ദിവസങ്ങൾക്ക് മുമ്പ് ആക്ഷേപം ഉയർന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ധ്യാപകർക്ക് സസ്പെൻഷൻ നൽകിയത്.

0
97

മലപ്പുറം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരി കടത്തിയ സംഭവത്തിൽ 4 അധ്യാപകർക്ക് സസ്‌പെൻഷൻ. മലപ്പുറം മൊറയൂർ വിഎച്ച്എം ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയെന്ന പരാതിയിലാണ് പ്രധാനാധ്യാപകൻ ഡി ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള കെ സി ഇർഷാദലി, പി ഭവനീഷ് എന്നിവരെ സസ്​പെൻഡ് ചെയ്തതെന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി രാത്രിയിൽ കടത്തുന്നതായി ദിവസങ്ങൾക്ക് മുമ്പ് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് മൊറയൂർ പ‍ഞ്ചായത്തംഗം കെ അസൈനാർ പരാതി നൽകി.

ഇതിനുപിന്നാലെ വിവിധ സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വീഡിയോ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട പരാതിയിലും അന്വേഷണം നടത്താൻ പി ടി എ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു.

സംഭവത്തിൽ വകുപ്പ് തല അന്വേഷണവും നടന്നിരുന്നു. സ്റ്റോക്കെടുത്തപ്പോൾ വൻതോതിൽ അരി കണക്കിൽപ്പെടുത്താതെ മാറ്റിവച്ചതായി കണ്ടെത്തിയെന്നും ഉച്ചഭക്ഷണ വിതരണത്തിൽ പലതരം അപാകതകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.