രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും.

0
185

ദില്ലി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നു. കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് നടക്കും. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ളോകളും മാർച്ച് പാസ്റ്റും നടക്കും.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിൽ ആണ് രാജ്യ തലസ്ഥാനം. പരേഡ് നടക്കുന്ന കർത്തവ്യപഥിലും മറ്റ ഇടങ്ങളിലുമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഒരാഴ്ച മുൻപ് തന്നെ ദില്ലിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. സേനകളുടെ മാർച്ച് കടന്നുപോകുന്ന കർത്തവ്യപഥ് മുതൽ ചെങ്കോട്ട വരെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താൽക്കാലിക ബാരിക്കേഡുകളും നിരീക്ഷണ പോസ്റ്റുകളും ഈ മേഖലയിൽ ഏർപ്പെടുത്തി.

അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്‍ഡ്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.