മുഖ്യമന്ത്രിയുടെ ‘വിദ്യാർഥി പ്രതിഭാ പുരസ്‌കാരം’ ഇന്ന് സമ്മാനിക്കും

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന ഈ പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

0
108

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായുള്ള ‘പ്രതിഭാ പുരസ്കാരം’ ഇന്ന് സമ്മാനിക്കും. സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ പിന്നിട്ട വിദ്യാഭ്യാസ വർഷത്തിൽ പഠിച്ചിറങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം പിണറായി വിജയൻ സമ്മാനിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാൽവെയ്പായാണ്‌ പുരസ്കാരങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. ജനുവരി 25 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.

വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്‌കാരം നൽകിയിരുന്നു. ഇതിനു തുടർച്ചയായാണ് 2021-22 വിദ്യാഭ്യാസവർഷം പഠിച്ചിറങ്ങിയ ആയിരം പ്രതിഭാധനരായ വിദ്യാർഥികൾക്ക് പുരസ്‌കാരം നൽകുന്നത്.

രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാർഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന ഈ പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയിറങ്ങിയവർക്ക്, ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

2021-22 വിദ്യാഭ്യാസവർഷത്തെ പുരസ്‌കാരത്തിന് ലഭിച്ച 5083 അപേക്ഷകരിൽ നിന്നാണ് പഠനമികവിന്റെയും വാർഷികവരുമാനത്തിന്റെയും അടിസ്ഥാനത്തിൽ ആയിരം പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ പന്ത്രണ്ട് സർവ്വകലാശാലകളിൽ ആയിരം പേരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

രാജ്യത്താദ്യമായി ജ്ഞാനസമൂഹസൃഷ്ടിക്കും തദ്ദേശീയ സാമൂഹിക – സാമ്പത്തിക ഘടനയുടെ വികസനത്തിനും യോജിച്ച വിധത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്‌കരിക്കാൻ രൂപീകരിച്ച സമിതികൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർവ്വകലാശാലകളിൽ കരിക്കുലം പരിഷ്‌കരണത്തിനും പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കോളജ് വിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായി ആവിഷ്‌കരിച്ച ‘EARN WHILE YOU LEARN’ എന്ന പദ്ധതി കേരളത്തിലെ എല്ലാ സർക്കാർ കോളജുകളിലും നടപ്പിലായിരിക്കുകയാണ്. ഒപ്പം, K-DISC, KKEM, ASAP എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികളെ അവരുടെ തൊഴിൽശേഷിയും നൈപുണ്യവും വർദ്ധിപ്പിച്ച് പുതിയ തൊഴിൽ മേഖലകളിൽ നിയമിക്കപ്പെടാൻ അനുയോജ്യരാക്കാനായി ‘Connect Career To Campus’ പദ്ധതിയും ദേശീയശ്രദ്ധയാകർഷിച്ച് മുന്നേറുന്നു.