അഴിമതി പ്രശ്നങ്ങൾ സഹകരണമേഖല ഗൗരവമായി കാണണം, ഇത്തരക്കാർക്കെതിരെ കര്‍ശന നടപടിയെടുക്കും ; മുഖ്യമന്ത്രി

തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സഹകരണ സംഘത്തെ സംരക്ഷിക്കുമെന്നുമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു

0
162

അഴിമതി പ്രശ്നങ്ങൾ സഹകരണമേഖല ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വി‍ജയൻ. അഴിമതി നടത്തുന്നവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി അഴിമതി നടത്താന്‍ സാധ്യത കുറവുള്ള മേഖലയാണ് സഹകരണ മേഖല. പക്ഷേ ചിലര്‍ ഈ പറഞ്ഞ ദുഷിച്ച പ്രവണതയില്‍ ഇരയാവുകയാണ് ഇത്തരക്കാരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങൾ പലയിടത്തും കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പുണ്ടായാല്‍ ആ സ്ഥാപനത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിന്റെ സഹകരണം മേഖലയെ ആകെയാണ് ഇത് ബാധിക്കുക. സഹകരണ മേഖലയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കൂടാ. ആ നിലപാടില്‍ ഉറച്ചുനില്‍ക്കണം. അതിന്റെ നടപടികള്‍ അതത് ഘട്ടത്തില്‍ സ്വീകരിച്ചു പോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അഴിമതിക്കാർ രക്ഷപ്പെട്ടു കൂടാ എന്നതാണ് സർക്കാരിന്റെ നിലപാട്. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സഹകരണ സംഘത്തെ സംരക്ഷിക്കുമെന്നുമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഴിമതി ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാല്‍ അവര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖലയിലെ ഇഡി ഇടപെടലിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഒരു സ്ഥാപനത്തിലെ ക്രമക്കേടില്‍, മുഖ്യപ്രതിയാക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുന്നുവെന്നും കരുവന്നൂര്‍ കേസിനെ പരോക്ഷമായി സൂചിപ്പിച്ച് പിണറായി വിജയന്‍ പറഞ്ഞു.