സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കാഠിന്യമേറുന്നു ; സമഗ്ര മാറ്റം ഉടൻ, പത്തംഗ കമ്മിറ്റിയെ നിയമിച്ചു

സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഇവരോട് ഒരാഴ്ചക്കുള്ളിൽ നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

0
78

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കടുപ്പിക്കുന്നു. മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്കരിക്കാൻ പോകുന്നത്. പരിഷ്കാരം സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മിറ്റിയെ നിയമിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഇവരോട് ഒരാഴ്ചക്കുള്ളിൽ നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം വലിയ പരിഷ്കാരങ്ങൾക്കാണ് മന്ത്രിയുടെ നീക്കം. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമാണ് എന്നതും അപകടങ്ങൾ വര്‍ധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി. അതിനാലാണ് പരിഷ്കാരങ്ങൾക്ക് നിര്‍ദ്ദേശം നൽകിയത്. അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും കെബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.