അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി ; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്

കരിമരുന്ന് പ്രയോഗം നടത്തിയതിന് നാല് പേർക്കെതിരെയാണ് കേസ്. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അധികൃതർ അനുമതി നൽകിയിരുന്നില്ല.

0
114

മലപ്പുറം: ചങ്ങരംകുളത്ത് മൂക്ക്തല കണ്ണെങ്കാവ് പൂരത്തോട് അനുബന്ധിച്ച് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. കരിമരുന്ന് പ്രയോഗം നടത്തിയതിന് നാല് പേർക്കെതിരെയാണ് കേസ്.
പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അധികൃതർ അനുമതി നൽകിയിരുന്നില്ല.

ഇന്നലെയായിരുന്നു മൂക്ക്തല കണ്ണേങ്കാവ് പൂരം. വടക്കുമുറി ദേശം, കാഞ്ഞിയൂർ ദേശം, പിടവാന്നൂർ ദേശം എന്നീ മൂന്നു ടീമുകളാണ് വെടിക്കെട്ട് നടത്തിയത്. മൂന്ന് ടീമിൽ നിന്നും ഓരോരുത്തർക്കെതിരെയും അമ്പലക്കമ്മിറ്റിയിൽ ഉൾപ്പെട്ട ഒരാൾക്കെതിരെയുമാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞിരുന്നു. ആയയില്‍ ഗൗരി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനിടയിലായിരുന്നു ആന ഇടയുന്നത്. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന ഇടയുന്നത് കണ്ട് ഭയന്നോടിയവര്‍ക്ക് വീണും മറ്റുമാണ് പരിക്ക് പറ്റിയത്. ആനയെ വേഗത്തില്‍ തളയ്ക്കാന്‍ പാപ്പാന്മാര്‍ക്കായി എന്നത് വലിയ അപകടം ഒഴിവാക്കി.