ഇരട്ട ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. അറബിക്കടലിൽ കേരളതീരത്തിന് സമീപമാണ് രണ്ടാം ചക്രവാതച്ചുഴി

0
79

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക. എന്നാൽ ഒരു ജില്ലകളിലും പ്രത്യേകിച്ച് അലേർട്ടുകളൊന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.

ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. അറബിക്കടലിൽ കേരളതീരത്തിന് സമീപമാണ് രണ്ടാം ചക്രവാതച്ചുഴി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കുമാണ് സാധ്യത. കടലാക്രമണത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.