അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് 13 വർഷങ്ങൾക്ക് ശേഷം പിടിയില്‍

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടുന്നത്. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്.

0
49

തൊടുപുഴ: അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നുമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിന് ശേഷം 13 വർഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ കൂടിയാണ് സവാദ്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ ഐ എ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫ്. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്.

കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.

കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി അനില്‍ ഭാസ്‌കറാണ് വിധി പറഞ്ഞത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിഞ്ഞതായി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടുന്നത്. പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ അധ്യാപകനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമികള്‍ അധ്യാപകന്റെ കൈവെട്ടിമാറ്റുകയായിരുന്നു. ന്യൂമാന്‍ കോളേജില്‍ ബികോം രണ്ടാം വര്‍ഷ ഇന്റേര്‍ണല്‍ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറായിരുന്നു വിവാദത്തിലായത്.