പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം ; പന്നിയെ കൊന്ന് തിന്ന നിലയിൽ

ഫാമിൽ 34 പന്നികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 20 പന്നിക്കുഞ്ഞുങ്ങളെ ഇപ്പോൾ കാണാനില്ല

0
94

വയനാട് : മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. കടുവയാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് ആക്രമണം നടന്നത്. ഇവിടെ പന്നിയെ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാരാണ് സംഭവം കണ്ടത്. ക്ഷീരകർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം.

വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫാമിൽ 34 പന്നികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 20 പന്നിക്കുഞ്ഞുങ്ങളെ ഇപ്പോൾ കാണാനില്ല. 14 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്നും ഫാം ഉടമ ശ്രീനേഷ് പറഞ്ഞു. അടുത്തകാലത്തായാണ് ഫാമിൽ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് പറയുന്നു.

അതേസമയം, വനത്തിൽ നിന്നും പന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. പ്രാഥമിക ഘട്ടത്തിൽ പന്നിയുടെ ജഡത്തിൽ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.