ദില്ലി മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിന്‍റെ അറസ്റ്റ് ഉടനുണ്ടാവില്ല, നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് എഎപി

കെജരിവാളിന് ഗുജറാത്ത് സന്ദർശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി എന്ന് എഎപി ആരോപിച്ചു.

0
218

ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന് ആലോചിക്കുകയാണ് ഇ ഡി. നിയമവിദഗ്ധരുമായി വിഷയം ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് നീക്കം. കെജ്രിവാളിൻറെ അറസ്റ്റ് ഉടൻ വേണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കാനുള്ള സാധ്യതയാണുള്ളത്.

അതേസമയം ഇ ഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എ എ പി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. കെജരിവാളിന് ഗുജറാത്ത് സന്ദർശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് പ്രവർത്തകർക്കുള്ള നിർദ്ദേശം.

ഇതിനിടെ, ദില്ലിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവർണർക്കെതിരെ എഎപി രംഗത്തെത്തി. അഴിമതി നടത്തിയത് കേന്ദ്ര സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണെന്നും ആരോഗ്യ സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ആരോഗ്യ മന്ത്രി സൗരഭ് ഭരത്വാജ് പ്രതികരിച്ചു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ എ എ പി സർക്കാരാണ് പുറത്താക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു.

ഇന്നലെയാണ് മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയായ അഴിമതി ആരോപണത്തില്‍ ലഫ് ഗവർണർ അന്വേഷണം സി ബി ഐക്ക് വിട്ടത്. ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തെന്നും വ്യാജ ലാബ് ടെസ്റ്റുകള്‍ നടത്തിയെന്നുമാണ് ആരോപണം. വനം –വന്യജീവീ വകുപ്പിലെ ഫണ്ട് തട്ടിപ്പിലും സിബിഐ അന്വേഷണം നടക്കുകയാണ്.