ന്യൂനമർദം ശക്തിപ്രാപിക്കുന്നു ; തെക്കന്‍ കേരളത്തില്‍ ജനുവരി നാല് വരെ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായാണ് തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുള്ളത്.

0
169

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി നാല് വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . അറബിക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീന ഫലമായാണ് തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പുള്ളത്.

ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.

കന്യകുമാരി തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് . അതിനാൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ ​ജാ​ഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ഉണ്ട്.