പ്രതിഷേധം ശക്തം; ഗുസ്തി ഫെഡറേഷൻ ഭരണസമിതിയ്ക്ക് സസ്പെൻഷൻ

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

0
157

ദില്ലി: ​ഗുസ്തി താരങ്ങളുടെ എതിർപ്പ് ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത ദേശീയ ​ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഫെഡറേഷൻ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുസ്തി താരങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും തിടുക്കത്തിൽ ദേശീയ മത്സരങ്ങൾ പ്രഖ്യാപിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഭരണസമിതി യോഗം ചേർന്ന് 15 ദിവസം മുൻപ് നോട്ടീസ് നൽകണം. ഇത് പാലിച്ചില്ലെന്നും ഗുസ്തി ഫെഡറേഷൻ സെക്രട്ടറി ജനറൽ തീരുമാനമെടുക്കുന്നത് അറിഞ്ഞില്ലെന്നും സർക്കാർ വ്യക്തമാക്കി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടി. ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെയായിരുന്നു ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ കടുത്ത പ്രതിഷേധമാണ് താരങ്ങളിൽ നിന്നുയർന്നത്. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചു. ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെതിരെ രം​ഗത്തെത്തി. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്. ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്.

ബ്രിജ്ഭൂഷണതിരെ പ്രധാന മന്ത്രിക്കടക്കം പരാതി നൽകിയിട്ടും അധികാര കേന്ദ്രങ്ങളിൽ ഇയാൾ നടത്തുന്ന ഇടപെടലുകൾക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ രാജ്യത്തിൻ്റെ വിവധ കോണുകളിലൽ നിന്നായി ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ നടന്ന ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ പോലും ബ്രിജ്ഭൂഷൻ ഇടപെട്ടതോടെയാണ് കായിക താരങ്ങൾ റസിലിംഗ് ഉപേക്ഷിക്കുന്ന നിലയിലേയ്ക്ക് എത്തിയത്.