കൊച്ചിയിൽ 59 – കാരിയെ ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു; പ്രതി പിടിയിൽ

നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു.

0
173

കൊച്ചി: കൊച്ചിയിൽ 59-കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ നോർത്ത് റെയിൽവേ ട്രാക്കിന് സമീപം തിരച്ചിൽ നടത്തിയത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് ഉടൻ തന്നെ പിടികൂടി.

സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തി. ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രൂര പീഡനത്തെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

അസം സ്വദേശി ഫിർദൗസാണ് പിടിയിലായ പ്രതി. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ബലാത്സംഗത്തിന് ശേഷം നോർത്ത് റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.

ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. വണ്ടിയിൽ നിന്നും ഇറക്കാതെ പ്രതി സ്ത്രീയെ റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കൂട്ടത്തിന് സമീപത്തെത്തിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.