ഡിസ്‍നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്‍റും തന്‍റെ അടുത്ത സുഹൃത്തുമായ കെ മാധവന്‍റെ നാടായ കോഴിക്കോട് വൈക്കിലശ്ശേരിയിലെ സ്കൂളിലേക്കാണ് ജനപ്രിയ നടൻ മോഹൻലാൽ എത്തിയത്. സുഹൃത്തിന് സർപ്രൈസായി അതിഥിയായാണ് മോഹൻലാൽ എത്തിയത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള വൈക്കിലശ്ശേരി യുപി സ്കൂളില്‍ ശതാബ്ധി ആഘോഷ പരിപാടികള്‍ കുറച്ച് നാളുകളായി നടന്നുവരുന്നുണ്ട്. ഈ പരിപാടിയിൽ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ കെ മാധവനെ ആദരിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു . അതിലേക്കാണ് മോഹൻലാൽ എത്തിയത്.
” ഈ സ്കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്‍റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്‍റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്”, എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലുമായി ഏറെ ആത്മബന്ധമുള്ളയാളാണ് കെ മാധവന്‍. സുഹൃത്തിന് സർപ്രൈസുമായി എത്തിയ വീഡിയോ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്.