സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു ; ഓട്ടോയിലുണ്ടായിരുന്നയാള്‍ വെന്തുമരിച്ചു

പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്നും വ്യക്തമല്ല.

0
171

തൃശ്ശൂര്‍: നിർത്തിയിട്ടിരുന്ന സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് ഗാന്ധിനഗര്‍ സ്ട്രീറ്റിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചതോടെയാണ് ഓട്ടോയുടെ പിറകിലെ സീറ്റില്‍ കത്തിക്കരിഞ്ഞനിലയില്‍ ഒരാളെ കണ്ടെത്തിയത്. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്നും വ്യക്തമല്ല. ആത്മഹത്യയാണെന്ന് സംശയം ഉള്ളതായും പോലീസ് പറയുന്നു.

പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് സമീപം ഒരാള്‍ നിന്നിരുന്നതായി നാട്ടുകാരിലൊരാള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തും. പെരിങ്ങാവില്‍ ഓട്ടോ ഡ്രൈവറായ പ്രമോദ് എന്ന 48കാരന്‍റെ ഓട്ടോറിക്ഷയാണിതെന്നും ഭാര്യയുടെ പേരിലുള്ളതാണ് ഓട്ടോയെന്നുമാണ് സുഹൃത്തുക്കളും മറ്റു ഓട്ടോ ഡ്രൈവര്‍മാരും പറയുന്നത്. അതേസമയം, മൃതദേഹം പൂര്‍ണമായും കത്തനശിച്ചതിനാല്‍ തന്നെ മരിച്ചയാള്‍ ആരാണെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.