പാര്‍ലമെന്റ് അതിക്രമം; മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

കേസിൽ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നു. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.

0
225

ദില്ലി: പാർലമെൻ്റ് അതിക്രമം നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ ലളിത് ഝാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ കീഴടങ്ങുന്നത്. കർഥ്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. കേസിൽ ആറു പേരാണ് ഉള്ളതെന്നാണ് ദില്ലി പൊലീസ് പറഞ്ഞിരുന്നു. ഇയാൾ കീഴടങ്ങിയതോടെ കേസിലെ ആറുപേരും പിടിയിലായി.

ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്. ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്‌നല്‍ ആപ് വഴിയാണ് ആശയവിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പാർലമെന്റിന്റെ 22 ആം വാർഷികദിനത്തിലാണ് കളര്‍ സ്‌പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്.