മണ്ണെടുക്കാനുള്ള തടസ്സം നീങ്ങി; ദേശീയപാത നിർമാണം ഇനി വേഗത്തിലാകും

1908-ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർചെയ്താൽ മാത്രമേ നിലവിൽ മണ്ണെടുക്കാൻ അനുമതി നൽകാറുള്ളൂ. ദേശീയപാത നിർമാണത്തിന് മണ്ണിന്റെയും പാറയുടെയും ദൗർലഭ്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സർക്കാരിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

0
174

കൊല്ലം: കേരളത്തിൽ ദേശീയപാത 66 നിർമാണത്തിനുള്ള തടസ്സം നീങ്ങി. നിർമാണക്കരാർ ഏറ്റെടുത്ത സ്ഥാപനത്തിന് ഖനനാനുമതി ലഭിക്കുന്നതിന് ഈ സ്ഥാപനവും സ്ഥലമുടമയും തമ്മിൽ കരാർ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയതോടെയാണ് മണ്ണെടുക്കുന്നതിനുള്ള സാങ്കേതിക തടസം നീങ്ങിയത്.

1908-ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർചെയ്താൽ മാത്രമേ നിലവിൽ മണ്ണെടുക്കാൻ അനുമതി നൽകാറുള്ളൂ. ദേശീയപാത നിർമാണത്തിന് മണ്ണിന്റെയും പാറയുടെയും ദൗർലഭ്യം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സർക്കാരിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിൽ മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പ് ഡയറക്ടർ അനുകൂല റിപ്പോർട്ട് നൽകിയിരുന്നു.

2015-ലെ കേരള മൈനർ മിനറൽ കൺസെഷൻ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിൽ ചെങ്കല്ല്, കരിങ്കല്ല് എന്നീ ധാതുക്കൾക്ക് പരമാവധി മൂന്നുവർഷംവരെയും സാധാരണ മണ്ണ് ഉൾപ്പെടെയുള്ള മറ്റ് ചെറുകിടധാതുക്കൾക്ക് പരമാവധി ഒരുവർഷംവരെയുമാണ് ക്വാറിയിങ് പെർമിറ്റ് അനുവദിക്കാവുന്നത്.

ഒരുവർഷത്തിൽ കൂടുതൽ കാലയളവിലേക്ക് നൽകുന്ന സമ്മതപത്രം ഖനനാനുമതി നൽകിയശേഷം പിൻവലിക്കുന്നത് നിയമപ്രശ്നങ്ങൾക്കിടയാക്കാറുണ്ട്. പിന്നീട് ഇതിന്റെ മറവിൽ അനധികൃത ഖനനവും അനധികൃത കടത്തും നടക്കാറുണ്ട്. ഇതേത്തുടർന്നാണ് അപേക്ഷകനും സ്ഥലമുടമയും പാട്ടക്കരാർ തയ്യാറാക്കി രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തിയത്.

സാധാരണ മണ്ണ് ഖനനം ചെയ്യുന്നത് ദേശീയപാത 66-ന്റെ പ്രവൃത്തിക്കുവേണ്ടിമാത്രമാണെന്ന് പ്രോജക്ട് ഡയറക്ടർ സാക്ഷ്യപ്പെടുത്തേണ്ടതാണ്. 2026 ജനുവരി 31 ആണ് പാതനിർമാണം പൂർത്തിയാക്കാൻ നിലവിൽ നിശ്ചയിച്ചിരിക്കുന്ന സമയപരിധി. ഈ കാലയളവുവരെ മാത്രമായിരിക്കും ഇളവ് അനുവദിക്കുക.

ചവറ, കരുനാഗപ്പള്ളി ഭാഗത്ത് ദേശീയപാത നിർമാണത്തിനായി നീക്കംചെയ്ത മണ്ണിൽ ആണവധാതുസാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇത് പൊതുമേഖലാ സ്ഥാപനങ്ങളായ ഐ ആർ ഇ എല്ലിനും കെ എം എം എല്ലിനും കൈമാറുകയാണ്. മണ്ണ് ഒരു ലോഡ് എടുക്കുമ്പോൾ മുൻകൂറായി മൂന്ന് ലോഡ് മണ്ണ് ഈ സ്ഥലത്ത് നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.