കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി, കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയത്.

0
252

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള വികസന പദ്ധതികൾക്കായുള്ള മന്ത്രിസഭാ യോഗത്തിൽ പുതിയ പദ്ധതികളും. ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. 60 ചതുരശ്ര മീറ്ററിൽ താഴെ വീടുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കും, പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി എസ് സി മുഖേന നിയമനം നടത്താനും തീരുമാനമായി. കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

യോഗ തീരമാനങ്ങൾ വിശദമായി നോക്കാം;

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി
ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ അംഗീകരിച്ചു.

കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി
കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കാൻ തീരുമാനിച്ചു.
നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിനുമായി 13 പുതിയ തസ്തികകൾ സൃഷ്ടിക്കും.

വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു.
സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയത്.

നിയമനം
കേരള റോഡ് ഫണ്ട് ബോർഡിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവുകളിലേക്ക് പി എസ് സി മുഖേന നിയമനം നടത്തും.

ഭൂമി ഏറ്റെടുക്കും
കണ്ണൂർ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടുകിടക്കുന്നതും ഏറ്റെടുത്തതിൽ ബാക്കിനിൽക്കുന്നതുമായ 5 കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുൻനിർത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി.
ഇതിനാവശ്യമായ ഫണ്ടിന് വിശദമായ ശുപാർശ സമർപ്പിക്കാൻ കണ്ണൂർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. ധനകാര്യ വകുപ്പ് പരാമർശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് തത്വത്തിൽ തീരുമാനിച്ച് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് വിശദമായ ശുപാർശ സമർപ്പിക്കുവാനും കലക്ടറെ ചുമതലപ്പെടുത്തി.

സേവന കാലാവധി ദീർഘിപ്പിച്ചു
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഹരികുമാറിന്റെ സേവന കാലാവധി ദീർഘിപ്പിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജി നൈനാന് പുനർനിയമനം നൽകാനും തീരുമാനിച്ചു.