ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട! പ്രഖ്യാപനവുമായി ഇന്തോനേഷ്യ

ഒരു മാസത്തിനകം തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.

0
213

നുസന്തര: ഇന്ത്യൻ സഞ്ചാരികളെ ക്ഷണിച്ച് ഇന്തോനേഷ്യ സർക്കാർ. ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ സൗജന്യമായി ഇന്തോനേഷ്യയിലേയ്ക്ക് പ്രവേശിക്കാം. ഒരു മാസത്തിനകം തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. യു എസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 16 ദശലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികള്‍ 2019ല്‍ കോവിഡിന് മുമ്പ് ഇന്തോനേഷ്യയില്‍ എത്തിയിരുന്നു. അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഒരു കോടിയോളം വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏകദേശം 124 ശതമാനം വര്‍ധനയുണ്ടായി.

അടുത്തിടെ മലേഷ്യയും ചൈനയും ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇന്തോനേഷ്യയുടെ തീരുമാനം. വിദേശ വ്യക്തികളെയും കോര്‍പ്പറേറ്റ് നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനായി സെപ്റ്റംബറില്‍ ഇന്തോനേഷ്യ ഗോള്‍ഡന്‍ വിസയും പ്രഖ്യാപിച്ചിരുന്നു. മലേഷ്യയ്ക്ക് മുമ്പ്, അയല്‍രാജ്യമായ തായ്ലാന്‍ഡും രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ നടപടി സ്വീകരിച്ചിരുന്നു.